തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി. ജലീല്‍. അലസ ജീവിത പ്രേമിയെന്നാണ് ഇപ്പോഴത്തെ പരിഹാസം. സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപന്‍ എന്നും കെ ടി ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. കേരള ഹൈകോടതിയിലും ദില്ലി കോടതിയിലും ന്യായാധിപന്‍ ആയിരിക്കെ വിധി പ്രസ്താവത്തിന് മടിച്ചു. സുപ്രീം കോടതിയില്‍ മൂന്നര വര്‍ഷത്തിനിടെ പറഞ്ഞത് 7 വിധികള്‍ മാത്രം.ഒപ്പ് വെച്ച വിധി ന്യായങ്ങള്‍ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍ എന്നും ജലീല്‍ പരിഹസിച്ചു. സിറിയക് ജോസഫിനെതിരെ സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമര്‍ശം മൊഴി മാറ്റിയാണ് ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
മുമ്പും പലവട്ടം ജലീല്‍ സിറിയക് ജോസഫിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളെന്നായിരുന്നു ആദ്യ വിമര്‍ശനം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യക്ക് എംജി സര്‍വകലാശാലയില്‍ വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ആരോപിച്ചിരുന്നു.
സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തില്‍ ആറ് കേസുകളില്‍ മാത്രം വിധി പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മഹാനെന്നും വിമര്‍ശനമുന്നയിച്ച് ജലീല്‍ രണ്ടാമതും രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ലോകായുക്ത കേസില്‍ വെളിച്ചത്തെക്കാള്‍ വേഗതയില്‍ വിധി പറഞ്ഞുവെന്നും കെ ടി ജലീല്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചു. അഭയക്കേസില്‍ നാര്‍ക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശനം നടത്തിയെന്നാണ് ജലീലിന്റെ മറ്റൊരു ആരോപണം. നാര്‍ക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറന്‍സിക് ലാബ് ഡയറക്ടറുടെ മൊഴി ചേര്‍ത്തായിരുന്നു അന്ന് ജലീലിന്റെ എഫ്ബി പോസ്റ്റ്. ആരോപണങ്ങളില്‍ യുഡിഎഫ് നേതാക്കളെ ജലീല്‍ സംവാദത്തിന് വിളിക്കുകയും ചെയ്തു.
ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു മാന്യന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ലെന്നും ജലീല്‍ വീണ്ടും ഫെയ്‌സ്ബുക്കിലെഴുതി. അതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ സര്‍ക്കാര്‍ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു
കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
'അലസ ജീവിത പ്രേമി'ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍ വിധി പറഞ്ഞതോ ഏഴേഏഴ്!
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച 'Justice versus Judiciary' എന്ന പുസ്തകത്തില്‍ സുധാംഷു രന്‍ജന്‍ എഴുതുന്നു:
'ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നു.
ഡല്‍ഹി ഹൈക്കോടതിയില്‍ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപന്‍ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.എന്നിട്ടും ഉത്തര്‍ഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കര്‍ണാടകയിലും അതേ പദവിയില്‍ എത്തിപ്പെട്ടു.അപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി അതുപോലെ തന്നെ തുടര്‍ന്നു.
ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നല്‍കി. 2008 ജൂലൈ 7 മുതല്‍ 2012 ജനുവരി 27 വരെയുള്ള (മൂന്നര വര്‍ഷം) സേവനകാലയളവില്‍ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുള്‍പ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.
ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളില്‍ പിറുപിറുപ്പ് ഉയര്‍ന്ന അവസാനനാളുകളിലാണ് മേല്‍പ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.
അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എന്‍എച്ച്ആര്‍സി (ദേശീയ മനുഷ്യാവകാശ കമ്മീഷന്‍) അംഗത്വം സമ്മാനിക്കുകയായിരുന്നു'(പേജ് 260)