പതിനേഴുകരൻ വാഹനം ഓടിച്ചു; പിതാവിന് 25,000 രൂപ പിഴ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസിൽ പിതാവിന് വൻ തുക പിഴശിക്ഷ. പതിനേഴുകാരൻ വാഹനമോടിച്ചതിന് അച്ഛന് കാൽലക്ഷം രൂപയാണ് ശിക്ഷ വിധിച്ചത്. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്.
കഴിഞ്ഞ മേയ് അഞ്ചിന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂർ ജംക്‌ഷനിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
സ്കൂൾ തുറന്ന സാഹചര്യത്തിൽ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ കർശന വാഹനപരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീർ വ്യക്തമാക്കി.