സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച സംഭവം; ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്
 


തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തല്‍ കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് സിപിഎമ്മുകാരെ പ്രതി ചേര്‍ത്തത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ എന്നായിരുന്നു പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

പുതുതായി പ്രതി ചേര്‍ത്തതില്‍ പാളയം ഏരിയ കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ ഉണ്ട്. ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു ആണ് കേസിലെ ഒന്നാം പ്രതി. പന്തല്‍ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേര്‍ക്കേണ്ടതില്ല എന്നാണ് വഞ്ചിയൂര്‍ പൊലീസിന്റെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തില്‍ വഞ്ചിയൂര്‍ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതേസമയം, വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വരട്ടെ, കോടതിയില്‍ പറയാം. അല്പം പിശക് ഏരിയ കമ്മിറ്റിക്ക് ഉണ്ടായി. ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യുമെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹൈക്കോടതി ഇന്നലെ വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടത്. കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് നടപടിയാണ് ഉണ്ടായതെന്നെന്നും കോടതി നിരീക്ഷിച്ചു. വഞ്ചിയൂരില്‍ റോഡ് അടച്ച് യോഗം നടത്തിയതില്‍ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചിരുന്നു. റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ്  മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media