കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല്
കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കും
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയില്‍ അവതരിപ്പിയ്ക്കുന്ന ബില്ല് ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് തന്നെ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അണക്കെട്ടുകളുടെ പരിശോധനാധികാരം കേന്ദ്രത്തിന് ലഭ്യമാക്കുന്ന ഡാം സേഫ്റ്റി ബില്‍ ഇന്ന് രാജ്യസഭയിലും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിയ്ക്കും. ബിജെപിയും കോണ്‍ഗ്രസ്സും അംഗങ്ങള്‍ക്ക് ഇന്ന് സഭയില്‍ ഹജരാകണമെന്ന് ഇതിനകം വിപ്പ് നല്‍കിയിട്ടുണ്ട്.
ശൈത്യകാല സമ്മേളനത്തിനത്തിന്റെ ആദ്യ ദിനം ഇരുസഭകളും രാവിലെ പതിനൊന്ന് മണിയ്ക്കാണ് സമ്മേളിയ്ക്കുക. ലോക്‌സഭയുടെ മേശപ്പുറത്തുള്ള 3 കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിയ്ക്കാനുള്ള റീപ്പില്‍ ബില്‍ ആദ്യം പരിഗണിയ്ക്കും. ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവതരിപ്പിയ്ക്കുന്ന ബില്ല് തുടര്‍ന്ന് സഭ ചര്‍ച്ച ചെയ്യും. മൂന്ന് നിയമങ്ങള്‍ പിന്‍വലിയ്ക്കുന്നതിനൊപ്പം കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിയ്ക്കണമെന്ന് പ്രതിപക്ഷം സഭയില്‍ നിര്‍ദ്ദേശിയ്ക്കും.
അതേസമയം മിനിമം താങ്ങുവില, വിള നവീകരണം, ചെലവില്ലാത്ത കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതി രൂപവല്‍ക്കരിക്കാനുള്ള പ്രഖ്യാപനം ആകും സര്‍ക്കാര്‍ സഭയില്‍ നടത്തുക. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് അനുശോചനം അര്‍പ്പിച്ചതിനും ശേഷം ചോദ്യോത്തര വേളയും പൂര്‍ത്തിയാക്കിയതിന് ശേഷം ആണ് ബില്ലവതരണം. ഇന്ന് തന്നെ ലോകസഭയില്‍ ബില്ല് പാസാക്കാനും നാളെ രാജ്യസഭയില്‍ ബില്ല് അവതരിപ്പിയ്ക്കാനും അണ് സര്‍ക്കാര്‍ ശ്രമം.
ഡാം സേഫ്റ്റി ബില്ലാണ് രാജ്യസഭയുടെ ഇന്നത്തെ നിയമ നിര്‍മ്മാണ അജണ്ട. രാജ്യത്തെ എല്ലാ അണക്കെട്ടുകളിലും നിരിക്ഷണവും പരിശോധനയും കേന്ദ്രസര്‍ക്കാര്‍ എജന്‍സികള്‍ക്ക് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്നതാണ് ബില്ല്. ഡാം സേഫ്റ്റി ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.26 ബില്ലുകള്‍ ആണ് ഡിസംബര്‍ 23 വരെ നീളുന്ന സമ്മേളനത്തില്‍ പാര്‍ലമെന്റ് പരിഗണിയ്ക്കുക. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്ന ബില്ലിന്റെ ചര്‍ച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനു വേദിയാകും. സഭാ നടപടികള്‍ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ സഹകരണം തേടിയിരുന്നു. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന നിലപാടാണ് പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ സ്വീകരിച്ചത്.