ആമസോണ്‍ സിഇഒ സ്ഥാനത്തു നിന്ന്
ജെഫ് ബെസോസ് ഈ വര്‍ഷം പടിയിറങ്ങും
ആമസോണ്‍ സിഇഒ സ്ഥാനത്തു നിന്ന് കമ്പനി സ്ഥാപകന്‍ കൂടിയായ ജെഫ് ബെസോസ് ഈ വര്‍ഷം പടിയിറങ്ങും. തൊഴിലാളികള്‍ക്കയച്ച കത്തിലാണ് ബെസോസ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷാവസാനത്തിലാവും ജെഫ് ബെസോസിന്റെ സ്ഥാനമൊഴിയല്‍. നിലവില്‍ ആമസോണ്‍ വെബ് സര്‍വീസ് തലവനായ ആന്‍ഡി ജാസി പുതിയ സിഇഒ ആയി സ്ഥാനമേല്‍ക്കും.
സിഇഒ സ്ഥാനം ഒഴിയുകയാണെങ്കിലും കമ്പനിയുടെ സുപ്രധാന കാര്യങ്ങളില്‍ ഇടപെടുമെന്ന് ബെസോസ് അറിയിച്ചു. എന്നാല്‍, ദൈനംദിന ശ്രദ്ധ മറ്റ് കച്ചവടങ്ങളിലായിരിക്കും. ബഹിരാകാശ പര്യവേഷണം, മാധ്യമരംഗം തുടങ്ങിയ കാര്യങ്ങളിലാവും ഇനി ശ്രദ്ധ. താന്‍ വിരമിക്കുകയല്ലെന്നും ബെസോസ് വിശദീകരിച്ചു.
57കാരനായ ബെസോസ് 1994ല്‍ തന്റെ ഗാരേജില്‍ വച്ചാണ് ആമസോണിനു തുടക്കമിടുന്നത്. ഇതാണ് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയില്‍ സംരംഭമായി വളര്‍ന്നത്. ഇതോടൊപ്പം, ഒടിടി, യുപിഐ, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയവകളും. വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം, ബ്ലൂ ഒറിജിന്‍ ബഹിരാകാശ പര്യവേഷന കേന്ദ്രം എന്നിവകളാണ് ബെസോസിന്റെ മറ്റ് കമ്പനികള്‍.