രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു.
ഇന്ധനവില രാജ്യത്ത് ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 27 പൈസയും ഡീസല്‍ ലീറ്റിന് 30 പൈസയും വീതം എണ്ണക്കമ്പനികള്‍ വെള്ളിയാഴ്ച്ച കൂട്ടി. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 97.15 രൂപയായി. ഡീസല്‍ വില 93.41 രൂപയും. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96.93 രൂപയും ഒരു ലീറ്റര്‍ ഡീസലിന് 87.69 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മെയ് നാലിന് ശേഷം 26 തവണയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ഇക്കാലയളവില്‍ പെട്രോള്‍ ലീറ്ററിന് 6.24 രൂപയും ഡീസല്‍ ലീറ്ററിന് 6.68 രൂപയും വീതം ഇതുവരെ കൂടി. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 103.08 രൂപയായി. ഡീസല്‍ വില 95.14 രൂപയിലുമെത്തി. ബെംഗളൂരുവില്‍ പെട്രോളിന് 100.17 രൂപയും ഡീസലിന് 92.97 രൂപയുമാണ് വെള്ളിയാഴ്ച്ച വില രേഖപ്പെടുത്തുന്നത്. നിലവില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക, ലഡാക്ക് എന്നിവടങ്ങളില്‍ പെട്രോള്‍ വില 100 രൂപയിലും മുകളിലാണ് .