നിപ്പ ബാധിച്ച് മരിച്ച കുട്ടിക്ക് യഥാസമയം ചികിത്സ കിട്ടിയില്ലന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സത്യസന്ധവും സുതാര്യവുമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് ഉത്തരവ് കൈമാറി.
കുട്ടിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും യഥാസമയം ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.