തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗികപീഡനക്കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
പനാജി: തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗികപീഡനക്കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. മൂന്നാം തവണയാണ് ഗോവ മപുസയിലെ സെഷന്‍സ് കോടതി വിധിപ്രഖ്യാപനം മാറ്റുന്നത്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. തരുണ്‍ തേജ്പാല്‍ കോടതിയിലെത്തിയിരുന്നു.
2013 നവംബറില്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരെയുള്ള കേസ്. 2014 ഫെബ്രുവരിയില്‍ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി നിരപരാധിയാണെന്ന് തരുണ്‍ തേജ്പാല്‍ വാദിച്ചെങ്കിലും സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇരയുടെ സ്വകാര്യതയ്ക്ക് നേരെയുള്ള അതിക്രമമാണ് കുറ്റം. സദാചാരത്തിന് വിരുദ്ധമായ പെരുമാറ്റമാണ് തരുണ്‍ തേജ്പാലില്‍ ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.