അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടി
ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ്-19 കേസുകള്‍ കുറഞ്ഞെങ്കിലും രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടി. സെപ്റ്റംബര്‍ 30വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. കൊവിഡിന്റെ മൂന്നാം തരംഗസാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഡിജിസിഎയുടെ നിര്‍ണായക തീരുമാനം.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് സെപ്റ്റംബര്‍ വരെ വിലക്ക് നീട്ടിയത്. അന്തരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡിജിസിഎ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണവും സാഹചര്യവും പരിഗണിച്ച് പിന്നീട് കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് നിലവില്‍ വന്നത്. വിലക്ക് നിലവില്‍ വന്നതോടെ വിവിധ രാജ്യങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്ന സാഹചര്യം ഉണ്ടായതോടെ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം 28 രാജ്യങ്ങളുമായി എയര്‍ ബബിള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരുന്നു. ഈ മാര്‍ഗത്തിലൂടെ ആയിരക്കണക്കിന് യാത്രക്കാരാണ് സഞ്ചരിച്ചത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറവ് സംഭവിച്ച സാഹചര്യത്തില്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. വിമാനം, റോഡ്, ജലഗതാഗതം എന്നീ യാത്ര സംവിധാനങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആഭ്യന്തര യാത്ര നടത്താന്‍ കഴിയും. രണ്ട് ഡോസും സ്വീകരിച്ച് 15 ദിവസത്തിന് ശേഷം മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഇവര്‍ക്ക് ആര്‍ടി പിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ ആവശ്യമില്ല. വിമാന യാത്രയില്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ മൂന്ന് സീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാരന്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു.
ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കുന്നത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 45,083 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3.26 കോടി ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 17,55,327 പരിശോധന നടത്തിയിരിക്കുന്നത്. 51 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്. പുതിയതായി 460 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,37,830 ആയി ഉയര്‍ന്നു.