ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപി നേതാവിന്റെ മുഴുവന്‍ രാഷ്ട്രീയ യാത്രയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമാണെന്ന് ഉവൈസി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നീ വിവാദ പരാമര്‍ശങ്ങളില്‍ നരേന്ദ്രമോദി പ്രതികരിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി വൈസി എത്തിയത്.
മോദി എണ്ണമറ്റ നുണകളും മുസ്ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് ഒവൈസി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഒവൈസിയുടെ വിമര്‍ശനം. മോദിയുടെ വിശദീകരണം തെറ്റാണെന്ന് പറഞ്ഞ ഒവൈസി മോദിയുടെ പ്രസംഗങ്ങള്‍ കേട്ട് ബിജെപിക്ക് വോട്ട് ചെയ്യുന്നവരെയും വിമര്‍ശിച്ചു. മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ളവരെന്നും മോദി പ്രസംഗത്തില്‍ വിളിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം പറയുന്നത് താന്‍ മുസ്ലിംകളെക്കുറിച്ചല്ല, ഹിന്ദു-മുസ്ലിം എന്ന് പറഞ്ഞിട്ടില്ലെന്നാണ്. ഈ തെറ്റായ വ്യക്തത നല്‍കാന്‍ ഇത്രയധികം സമയമെടുത്തത് എന്തിനാണ്? മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തില്‍ മാത്രം അധിഷ്ഠിതമാണ് മോദിയുടെ രാഷ്ട്രീയ യാത്ര. ഈ തെരഞ്ഞെടുപ്പില്‍ മോദിയും ബിജെപിയും മുസ്ലിംകള്‍ക്കെതിരെ എണ്ണിയാലൊടുങ്ങാത്ത നുണകളും അപാരമായ വിദ്വേഷവും പ്രചരിപ്പിച്ചു. മോദി മാത്രമല്ല, ഈ പ്രസംഗങ്ങള്‍ക്കിടയിലും ബിജെപിക്ക് വോട്ട് ചെയ്ത ഓരോ വോട്ടറും കുറ്റവാളികളാണ്-ഒവൈസി പറഞ്ഞു.