ഇടുക്കി: എംഎല്‍എ കെ.കെ രമയ്‌ക്കെതിരായ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എം എം മണി. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയില്‍ വന്നാല്‍ ഇനിയും വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്നും പറഞ്ഞു. രമയെ മുന്‍ നിര്‍ത്തിയുള്ള യുഡിഎഫിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി തൊടുപുഴയില്‍ പറഞ്ഞു.
പരാമര്‍ശത്തില്‍ ഖേദമില്ലെന്നാണ് എം.എം. മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എം.എം മണി, എന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ ഞാന്‍ എന്ത് വേണമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തില്‍ പ്രതികരിച്ചത്. കെ.കെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയില്‍ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം.