രാജ്യത്തെ സാമ്പത്തിക മേഖല കൊവിഡ്
രണ്ടാം തരംഗ പ്രതിസന്ധി മറികടന്നെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. വരുന്ന മാസങ്ങളില്‍ ജിഎസ്ടി വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമെന്നും കേന്ദ്ര സാമ്പത്തിക മന്ത്രാലയം അവകാശപ്പെട്ടു. വരും മാസങ്ങളില്‍ തൊഴില്‍ സാധ്യത വളരെ വേഗം ഉയരുമെന്നും മന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചതായി അവകാശപ്പെടുന്നത്. വാക്സിനേഷന്‍ വേഗത്തിലാക്കിയത് രാജ്യത്തെ വിപണിക്ക് ഊര്‍ജം നല്‍കി. സാമ്പത്തിക മേഖല കൊറോണ ഭീതിയെ അതിജീവിച്ചതിന് തെളിവാണ് ഇ-വേ ബില്ലുകളിലെ വര്‍ധന. ഈ മാസം മുതല്‍ ജിഎസ്ടി വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനത്തിലെ കുറവ് കാര്യമാക്കേണ്ടെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ അഭിപ്രായം. രാജ്യത്ത് തൊഴില്‍ ലഭ്യത വരും മാസങ്ങളില്‍ വളരെ വേഗം ഉയരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഗ്രാമനഗര മേഖലകളില്‍ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക വഴി സാമ്പത്തിക മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഇതിനായി 23123കോടി രൂപയുടെ പാക്കേജിന് ധനകാര്യമന്ത്രാലയം അംഗീകാരം നല്‍കി.