ശ്രീനഗര്‍: ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. പാക് ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. വൈകാതെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു.
പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം. പാക് ഡ്രോണുകളെ ഇന്ത്യന്‍ സൈന്യം കൃത്യമായി നിര്‍വീര്യമാക്കി. വൈകാതെ ജമ്മുവിലാകെ സമ്പൂര്‍ണ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിനിടയില്‍ രാജൗരിയില്‍ വീണ്ടും പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണം നടന്നു. അതിര്‍ത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണമുണ്ടായി. വിനോദ സഞ്ചാര കേന്ദ്രമാണ് പര്‍വത പ്രദേശമായ മുറി.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും വിളിപ്പിച്ചു. നിലവില്‍ കൂടിക്കാഴ്ച നടന്നുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു.