വ്യോമസേന വാറണ്ട് ഓഫിസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച; മൃതദേഹം നാളെ സുലൂരിലെത്തിക്കും
ചെന്നൈ: കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. നാളെ വൈകിട്ട് മൃതദേഹം സുലൂരിലെ വ്യോമതാവളത്തില്‍ എത്തിക്കും. തുടര്‍ന്ന് ഞായറാഴ്ച രാവിലെ സ്വദേശമായ തൃശൂരിലെ പൊന്നൂക്കരയിലെത്തിക്കും. മൃതദേഹം വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ച് റോഡ് മാര്‍ഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം.
ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്‌ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടില്‍ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റേറ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.