തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന - റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 13 -17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് അടക്കം പ്രഖ്യാപിച്ചു. തെക്കേ ഇന്ത്യയില്‍ അതി തീവ്ര മഴക്കുള്ള റെഡ് അലെര്‍ട്ട് മുന്നറിയിപ്പുണ്ട്. ജൂണ്‍ 13, 14 മുതല്‍ 17 വരെ കേരളം കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അതി തീവ്ര മഴ സാധ്യതയുണ്ട്.
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 17ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.