ടെഹ്റാന്: ഇസ്ലാമാബാദിലെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകള്‍ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാന്. ഹോര്‍മുസില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നല്‍കുമെന്നാണ് ഇറാന് മാധ്യമങ്ങള്‍ നല്കുന്ന സൂചന. ബാബ് അല്‍ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലില്‍ ഹൂതി വിമതരും അമേരിക്കയും തമ്മില്‍ ഏറെ നാളായി തുടര്‍ന്നിരുന്ന സംഘര്‍ഷം ഈയിടെയാണ് അവസാനിച്ചത്. ഇത് കപ്പല്‍ സഞ്ചാരത്തിന് ആശ്വാസമേകി വരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണി. ഹോര്‍മുസിന് പകരം ബാബ് അല്‍ മന്ദബ് തടയുമെന്ന ഇറാന്റെ പ്രഖ്യാപനം ചെങ്കടലിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയില്‍ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുന്നു. ഹോര്‍മൂസില്‍ കടുംപിടുത്തം തുടരുന്ന ഇറാനെ അതേനീക്കം കൊണ്ട് വെട്ടാനാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പുതിയ വെല്ലുവിളി. കപ്പലുകളില്‍ നിന്ന് ഇറാന് പണം പിരിക്കുന്നത് തടയാന്‍, കപ്പലുകളെ ഹോര്‍മൂസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടയുമെന്നാണ് വെല്ലുവിളി. ഇത് അന്താരാഷ്ട്ര ജലപാതകളെയും സമുദ്ര മേഖലയെയും സംഘര്‍ഷത്തില്‍ മുക്കുമെന്ന് ഉറപ്പാണ്.