കോഴിക്കോട്: ആകാശ ഗംഗയുടെ അഴകു കാണാന്‍ ബേപ്പൂരിലെ വനിതാ കൂട്ടായ്മയായ 'ഫ്‌ളയിംഗ് സ്റ്റാറി'ലെ അംഗങ്ങള്‍ ബംഗലുരുവിലേക്കു പറന്നു. 23 പേരടങ്ങുന്ന വനിതാ സംഘം കരിപ്പൂരില്‍ നിന്നാണ് വിമാനത്തില്‍ ബംഗലുരുവിലേക്ക് പറന്നത്. കൂട്ടായ്മയുടെ പേര് ഫ്‌ളയിംഗ് സ്റ്റാര്‍ എന്നാണെങ്കിലും അംഗങ്ങില്‍ പലര്‍ക്കും വിമാനത്തില്‍ പറക്കാന്‍ ഇതുവരെയായിട്ടില്ല. 70 പിന്നിട്ട രണ്ട് അംഗങ്ങളുണ്ട് ഫ്‌ളയിംഗ് സ്റ്റാറില്‍ നാണിക്കുട്ടിയും, ശാന്തയും. ജീവിതത്തില്‍ ഒരിക്കലെങ്കിലും വിമാനത്തില്‍ പറക്കണമെന്ന മോഹം ഇനിയും വെച്ചു നീട്ടാനാവില്ലെന്നവര്‍. അതിനോട് മറ്റംഗങ്ങളും യോജിച്ചു. പിന്നെ യാത്ര വൈകിച്ചില്ല. ഡിസംബര്‍ 7ന് രാവിലെ ഒമ്പതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബംഗലുരുവിലേക്ക് പറന്നു.
ബംഗലുരുവിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം കറങ്ങി അന്നു തന്നെ ട്രെയിന്‍മാര്‍ഗ്ഗം മടക്കവും. കൂട്ടായ്മയ്ക്ക് 'ഫ്‌ളയിംഗ് സ്റ്റാര്‍' എന്നു പേരിട്ടത് ആകസ്മികയാണെങ്കിലും ഇപ്പോള്‍ അന്വര്‍ത്ഥമായെന്ന് ടീം ലീഡര്‍മാരായ ഫാത്തിമയും സുപ്രിയയും. സംഗതിയെന്തായാലും 'പറക്കുന്ന നക്ഷത്രത്തിന്റെ' വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിപ്പോള്‍ പറക്കല്‍ വിശേഷങ്ങളുടെ പോസ്റ്റുകളുടെ പെരുംമഴയാണ്.