പൊതുമരാമത്ത് വകുപ്പില്‍ പുതുക്കിയ
ഡിഎസ്ആര്‍ നടപ്പിലാക്കണം: കെജിസിഎഫ്
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പില്‍ പുതുക്കിയ ഡിഎസ്ആര്‍ (Delhi Schedule of Rates) നടപ്പിലാക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍. 2018ല്‍ ഡിഎസ്ആര്‍ നിരക്ക് പുതുക്കുകയും 2019ല്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പൊതുമരാമത്ത് വകുപ്പില്‍ 2016ലെ സിഎസ്ആര്‍ പ്രകാരമാണ് ഇപ്പോഴും എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്.
നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം കാരണം നിര്‍മാണ മേഖലയും കരാറുകാരും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ്. സിമെന്റ് കമ്പി, പിവിസി പൈപ്പ് എലക്ട്രിക്കല്‍ മെറ്റീരിയല്‍ എന്നിവയ്ക്ക് 70 ശതമാനത്തിലേറെയാണ് വില വര്‍ധിച്ചത്. ക്വാറി ഉത്പ്പന്നങ്ങള്‍ക്ക് 20 ശതമാനത്തിലധികവും വില കൂടി. കോവിഡിനെ മറയാക്കിയുള്ള ഈ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പുതുക്കിയ ഡിഎസ്ആര്‍ പ്രകാരം എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയാല്‍ മാത്രമെ നിലവിലുള്ള പ്രതിസന്ധികളില്‍ കരാറുകാര്‍ക്ക് പിടിച്ചു നില്‍ക്കാനാവുകയൂള്ളൂവെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ, ജനറല്‍ സെക്രട്ടറി പി.വി. കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.പൊതു സ്ഥലങ്ങളില്‍ സദാ ഇടപെടേണ്ടിവരുന്ന കരാറുകാര്‍ക്കും അവരുടെ തൊഴിലാളികള്‍ക്കും കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കണെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനവും നല്‍കി.