കോഴിക്കോട്: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീയതിയില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാര്‍ച്ച് ഒന്നുമുതല്‍ നാലു വരെ എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി. പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആറും നിര്‍ബന്ധമാക്കിയതായും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പൊതുസമ്മേളനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പങ്കാളിത്തം മാത്രമായിരിക്കുക അനുവദിക്കുക. ആ സാഹചര്യത്തില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. എറണാകുളത്ത് എല്ലാ ബ്രാഞ്ചിലും മറ്റു ജില്ലകളില്‍ എല്ലാ ലോക്കല്‍ കമ്മിറ്റികളിലും പൊതുസമ്മേളനം ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.