ഇടുക്കി : അരിക്കൊമ്പനെ പിടികൂടുന്നതില്‍ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത നിറവേറ്റാനാകില്ല. ജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കും. ജനങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോള്‍ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാന്‍ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തും.
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എതിരല്ല, ജനങ്ങള്‍ക്ക് ഒപ്പമാണ്. സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിക്കണം. ജനത്തിന്റെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരും. അക്രമാസക്തമായ പ്രതിഷേധം ഗുണം ചെയ്യില്ല. നിരാശയില്ലാതെ സര്‍ക്കാര്‍ ജനത്തെ സംരക്ഷിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിദഗ്ധ സമിതിക്ക് പഠിക്കാനുള്ള സുഗമമായ സാഹചര്യം ഒരുക്കും. റിപ്പോര്‍ട്ട് വരുന്നത് വരെയുള്ള ദിവസങ്ങളില്‍ ജനങ്ങളെ സംരക്ഷിക്കാനുള്ള ഊര്‍ജിത ശ്രമം തുടരും.
കോടതി നിര്‍ദേശത്തെ ധിക്കരിക്കില്ല. കുങ്കിയാനകളെ മടക്കില്ല. പകരം ദൗത്യം തുടരും. അരിക്കൊമ്പന് കോളര്‍ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാര മാര്‍ഗമാണ് വേണ്ടത്. കോടതി ജനങ്ങളുടെ ഭാഗം അത്ര ചിന്തിച്ചില്ല. അപൂര്‍വമായി മാത്രമാണ് നാടിറങ്ങുന്ന ആനയെ പിടികൂടുന്നത്. കോടതി സൗമനസ്യം കാണിക്കണമായിരുന്നു. ജനങ്ങള്‍ക്ക് പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ മന്ത്രി പ്രതികരിച്ചു.
കോടതിയും ജനങ്ങളും ഇരുവശത്തും നിന്ന് ഒരുപോലെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകരുത്. ആരാണ് അവിടെ ആളുകളെ പാര്‍പ്പിച്ചത്. ഈ സര്‍ക്കാരിനോ മന്ത്രിക്കോ അതില്‍ പങ്കുണ്ടോ? കോളനിയും പ്രശ്‌നത്തിന് ഒരു ഘടകമാണ്. പ്രശ്‌ന പരിഹാരത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. വിദഗ്ദഗ സമിതിക്കായി കോടതി തന്നെയാണ് അംഗങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.