അബുദാബിയിൽ നാളെ മുതൽ പൊതുയിടങ്ങളിൽ പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം,
അബുദാബി: വെള്ളിയാഴ്ച മുതൽ അബുദാബിയിലെ പൊതുയിടങ്ങളിൽ പ്രവേശനം കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കുമെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി.
വാക്സിനെടുത്തശേഷം നടത്തുന്ന പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചവർക്കാണ് അൽഹൊസൻ ആപ്പിൽ പച്ചനിറം തെളിയുക. ഇതുണ്ടെങ്കിൽ മാത്രമായിരിക്കും ഷോപ്പിങ് മാളുകൾ, കഫേകൾ, ജിമ്മുകൾ, ഹെൽത്ത് സെന്ററുകൾ, റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവേശനം അനുവദിക്കുക. ഇതുസംബന്ധിച്ച് കേന്ദ്രങ്ങളുടെ ഉടമകൾക്കും മാനേജർമാർക്കും അധികാരികളിൽനിന്ന് നിർദേശം ലഭിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗ്രീൻ പാസ് പരിശോധിക്കാനുള്ള പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, പൊതുയിടങ്ങളിലെ പ്രവേശനാനുമതി പരിധിയുടെ 80 ശതമാനമാക്കി ഉയർത്തിയിട്ടുമുണ്ട്.
വാക്സിനെടുത്തവർക്ക് പി.സി.ആർ. പരിശോധന നെഗറ്റീവായാൽ അൽ ഹൊസൻ ആപ്പിൽ 30 ദിവസം പച്ചനിറം ലഭിക്കും. സംഘടനാ കാര്യാലയങ്ങൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.