പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ കുതിയ്ക്കുന്നു; എളുപ്പത്തില്‍ അക്കൗണ്ട് തുറക്കാം
ദില്ലി: പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന പദ്ധതിയ്ക്ക് കീഴില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നവരുടെ എണ്ണം കൂടുന്നു. 41.75 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആണ് തുറക്കുന്നത്. പിഎംജെഡിവൈ പദ്ധതി പ്രകാരം സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ ഏത് ബാങ്ക് ശാഖകളിലൂടെയും അക്കൗണ്ട് തുറക്കാന്‍ കഴിയും.പദ്ധതിയ്ക്ക് കീഴില്‍ 41.75 കോടി അക്കൗണ്ടുകളാണ് തുറന്നിട്ടുള്ളത്. അതില്‍ 35.96 കോടി അക്കൗണ്ടുകളാണ് പ്രവര്‍ത്തിക്കുന്നത്.
ലോകസഭയില്‍ നടന്ന ചോദ്യത്തിന് രേഖാ മൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് കീഴില്‍ 40.48 കോടി അക്കൗണ്ടുകളും റൂറല്‍ റീജിയണല്‍ ബാങ്കുകള്‍ക്ക് കീഴില്‍ 1.27 കോടി അക്കൗണ്ടുകളാണ് തുറന്നിരിയ്ക്കുന്നത്. ജനുവരി 27 വരെ പൊതുമേഖലാ ബാങ്ക്, സ്വകാര്യ ബാങ്ക്, സ്‌പോണ്‍സേര്‍ഡ് റീജിയണല്‍ റൂറല്‍ ബാങ്ക് തുടങ്ങിയവയില്‍ നിന്ന് സ്വീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.
2019 ജൂണ്‍ 10- ലെ റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഏത് ബാങ്ക് ശാഖ മുഖേനയും തുറക്കാനാകും. ബാങ്കിംഗ് സേവനങ്ങളും സൗജന്യമാണ്.
ബാങ്ക് ശാഖകളിലൂടെയോ എടിഎമ്മുകളിലോ, സിഡിഎമ്മുകളിലോ പണം നിക്ഷേപിക്കുന്നതിന് പ്രത്യേക ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പണ കൈമാറ്റം, കേന്ദ്ര , സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ ചെക്ക് കൈമാറ്റം തുടങ്ങിയ സേവനങ്ങളും സൗജന്യമാണ്. ഒരു മാസത്തിനുള്ളില്‍ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിനും മൂല്യത്തിനും പരിധിയില്ല എന്നതാണ് മറ്റൊരു പ്രധാന നേട്ടം.