അഫ്ഗാന്‍ വനിതകള്‍ക്ക് തുല്യനീതി ഉറപ്പാക്കുമെന്ന് അമേരിക്ക: പ്രധാനമന്ത്രി ഇന്ന് ഇന്ത്യയുടെ നിലപാട് പ്രഖ്യാപിക്കും
ദില്ലി: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും തുല്യ നീതിയും ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഭീകരരുടെ താവളമായി അഫ്ഗാനെ മാറ്റാന്‍ അനുവഹിക്കില്ലെന്നും അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ആന്റണി ബ്ലിങ്കന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങള്‍ ഇന്ന് പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം പുറത്തു വിട്ട പ്രസ്താവനയിലാണ് ആന്റണി ബ്ലിങ്കന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തില്‍ പാകിസ്ഥാനും പങ്കെടുത്തു എന്നതാണ് മറ്റൊരു കൗതുകം. ഹഖാനി നെറ്റ് വര്‍ക്കിനും താലിബാനുമിടയിലെ തര്‍ക്കം തീര്‍ക്കാന്‍ ഐഎസ്‌ഐ മേധാവി നേരിട്ട് കാബൂളില്‍ എത്തിയത് വാര്‍ത്തയായതിന് പിന്നാലെയാണ് അവിടുത്തെ ക്രമസമാധാനം ഉറപ്പാക്കാന്‍ ഇടപെടുമെന്ന അമേരിക്കന്‍ പ്രസ്താവനയില്‍ പാകിസ്ഥാന്‍ പിന്താങ്ങുന്നത്.
നിലവില്‍ ഇന്ത്യയുടെ മുന്നിലെ പ്രധാന പ്രശ്‌നം ഹഖാനി നേതാവായ സിറാജ്ജുദ്ദീന്‍ ഹഖാനിയാണ് താലിബാന്‍ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രി എന്നതാണ്. 2008-ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഹഖാനി ഗ്രൂപ്പാണ്. അങ്ങനെയൊരു സംഘടന നിര്‍ണായകമായ സര്‍ക്കാരിനെ എങ്ങനെ അംഗീകരിക്കും എന്നതാണ് ഇന്ത്യ നേരിടുന്ന ചോദ്യം.
അഫ്ഗാനിലെ സാഹചര്യങ്ങള്‍ എങ്ങനെ രൂപപ്പെടുന്നുവെന്ന് കാത്തിരുന്നറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കും എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട്. എന്തായാലും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ന് നിലപാട് വ്യക്തമാക്കും എന്നാണ് സൂചന. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നുണ്ട്. അഫ്ഗാനില്‍ നിര്‍ണായക ഇടപെടല്‍ നടത്തുന്ന ചൈനയുടേയും റഷ്യയുടേയും സാന്നിധ്യത്തില്‍ പുതിയ അഫ്ഗാന്‍ സര്‍ക്കാരിനോടുള്ള തങ്ങളുടെ നിലപാട് ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാക് കേന്ദ്രീകൃത ഭീകരസംഘടനകള്‍ ഭരണത്തില്‍ ഇടപെടുന്നതിനെതിരെ മോദി മുന്നറിയിപ്പ് നല്‍കാനാണ് സാധ്യത.സ്ത്രീപ്രാതിനിധ്യമില്ലാത്ത താലിബാന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അഫ്ഗാനിലെ സ്ത്രീകള്‍ ഇന്നലെയും നിരത്തിലിറങ്ങിയിട്ടുണ്ട്. സ്ത്രീകളില്ലാത്ത മന്ത്രിസഭ അംഗീകരിക്കില്ലെന്നാണ് പ്രഖ്യാപനം.