കൊല്ലം: കൊല്ലം കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്. നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തു. ഗാനമേളയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്‌ഐആറിലുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇതിനിടെ സംഭവത്തില്‍ ആരോപണം തള്ളി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രംഗത്തെത്തി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീജേഷ് പറഞ്ഞു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതില്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അതിലൊന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. മറ്റൊരു പാട്ടാണിത്. നാഗര്‍കോവില്‍ ബേര്‍ഡ്‌സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.