മിസ് യൂണിവേഴ്സിന് ലഭിക്കുന്നത് എന്തെല്ലാം സൗജന്യ യാത്ര, ഭക്ഷണം, താമസം അങ്ങിനെ....
ഇന്ത്യയുടെ ഹര്‍ണാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം ലഭിച്ചതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സൗന്ദര്യ മത്സരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍. വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. വിജയിക്ക് പേരും പ്രശസ്തിയും സമ്മാനതുകയും മാത്രമാണോ ലഭിക്കുന്നത് ?
പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ബിരുദാനന്തര ബിരുദധാരിയായ ഹര്‍ണാസ് സന്ധു 79 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് വിശ്വസുന്ദരി പട്ടം നേടിയത്. നിരവധി പഞ്ചാബി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ഈ 21 കാരി ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019, മിസ് ദിവ യൂണിവേഴ്സ് 2021 എന്നീ പട്ടങ്ങളും നേടിയിട്ടുണ്ട്.
സമീപ വര്‍ഷങ്ങളില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള കിരീടമാണ് ഹര്‍ണാസ് സന്ധുവിന് ലഭിച്ചിരിക്കുന്നത്. മൗവാദ് ജ്വലറി രൂപകല്‍പ്പന ചെയ്ത കിരീടത്തിന് 37 കോടി രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തില്‍ 1770 രത്നങ്ങളും, നടുക്ക് ഷീല്‍ഡ് കട്ട് ഗോള്‍ഡന്‍ കാനറി രത്നവും പതിപ്പിച്ചിട്ടുണ്ട്. ഈ ഒരൊറ്റ രത്നത്തിന് മാത്രം 62.83 കാരറ്റ് ഭാരമുണ്ട്.
ഭീമമായ തുകയാണ് സമ്മാനമായി ലഭിക്കുക. ഇതിന് പുറമെ, ഒരു വര്‍ഷത്തേക്ക് ന്യൂയോര്‍ക്കിലെ അത്യാഡംബര അപ്പാര്‍ട്ട്മെന്റിലാകും താമസം. മിസ് യൂണിവേഴ്സ് സംഘടനയാണ് വസ്ത്രം മുതല്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കള്‍ സൗജന്യമായി നല്‍കുന്നത്.
മിസ് യൂണിവേഴ്സിന് സ്വന്തമായി അസിസ്റ്റന്റുമാര്‍, പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, കോസ്റ്റിയൂമര്‍ എന്നിവ ലഭിക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ ചെരുപ്പ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയും സൗജന്യമായി ലഭിക്കും. ഇതിന് പുറമെ നുട്രീഷണിസ്റ്റ്, ത്വക്ക് രോഗ വിദഗ്ധന്‍, ദന്ത ഡോക്ടര്‍ എന്നിവയുടെ സേവനവും സൗജന്യമായിരിക്കും.
ആഗോള ഇവന്റുകള്‍, ചടങ്ങുകള്‍, പരിപാടികള്‍, സിനിമാ പ്രിമിയറുകള്‍ എന്നിവയിലേക്ക് മിസ് യൂണിവേഴ്സിന് പ്രത്യേക ക്ഷണമുണ്ടാകും. ഒപ്പം യാത്രാ ചെലവുകള്‍, താമസം എന്നിവയുടെ ചെലവുകളെല്ലാം മിസ് യൂണിവേഴ്സ് സംഘടന വഹിക്കും.
അത്യാഡംബര ജീവതത്തോടൊപ്പം ഉത്തരവാദിത്തം നിറഞ്ഞതുമാണ് വിശ്വസുന്ദരിയുടെ ജീവിതം. മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്റെ ചീഫ് അംബാസിഡറായി പ്രവര്‍ത്തിക്കുന്ന ഇവര്‍ സംഘടനയോട് അനുബന്ധിച്ച് വിവിധ ഇവന്റുകള്‍, പാര്‍ട്ടികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വാര്‍ത്താ സമ്മേളനങ്ങള്‍ എന്നിവ നടത്തണം.