യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ
 



മോസ്‌കോ: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തില്‍ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്. യുക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല. റഷ്യന്‍ അംബാസിഡര്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും എപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. മാനുഷിക പരിഗണന നല്‍കി യുക്രൈനില്‍ കുടുങ്ങിയവര്‍ക്ക് തിരികെ വരാന്‍ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ പറയുന്നത്. ഖര്‍ഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാല്‍ യുക്രൈന്‍ രക്ഷാദൗത്യത്തിലെ നിര്‍ണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും. 

 നേരത്തെ തന്നെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് എത്തിയെങ്കിലും ഇവര്‍ക്ക് റഷ്യന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഒരു ഉറപ്പും കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ഖര്‍കീവില്‍ കൊല്ലപ്പെട്ടതോടെ റഷ്യയ്ക്ക് മേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടായെന്നാണ് സൂചന. കഴിഞ്ഞ ദിവസം റഷ്യന്‍ അംബാസിഡറെ വിളിച്ചു വരുത്തിയ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ശക്തമായ നിലപാട് അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുമ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് മാറുമെന്ന മുന്നറിയിപ്പും റഷ്യയ്ക്ക് നല്‍കി. ഇതോടെയാണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ റഷ്യ തയ്യാറാവുകയായിരുന്നു.  

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media