കൊവിഡ് പ്രതിരോധം; അവലോകന യോഗം ഇന്ന്, കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല
തിരുവനന്തപുരം: കൊവിഡ് പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിഡന്റുമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും പരിഗണിക്കും. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലെ ആശങ്ക സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കുന്നതുള്‍പ്പടെ കൂടുതല്‍ ഇളവുകളിലേക്ക് ഇപ്പോള്‍ പോകാനുള്ള സാധ്യത കുറവാണ്.
അതേസമയം കോവിഷീല്‍ഡ് സ്റ്റോക്ക് വീണ്ടും ചുരുങ്ങിയതോടെ സംസ്ഥാനത്ത് വാക്‌സീന്‍ പ്രതിസന്ധി ഇന്ന് കൂടുതല്‍ രൂക്ഷമാകും. ആറ് ജില്ലകള്‍ക്ക് പുറമെ ഇന്ന് കൂടുതല്‍ ജില്ലകളില്‍ കോവിഷീല്‍ഡ് പൂര്‍ണമായും തീരും. ഇന്നലെ ഒന്നരലക്ഷത്തില്‍ താഴെയാണ് ആകെ വാക്‌സീന്‍ നല്‍കാനായത്. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും പുതിയ സ്റ്റോക്കെത്താതെ ഇനി വിതരണം നടക്കാത്ത സ്ഥിതിയാണ്. അവശേഷിക്കുന്ന കോവാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കാന്‍ വിമുഖതയുള്ളതും വാക്‌സിനേഷനെ ബാധിക്കുകയാണ്.