സംവിധായികയുടെ റോളില്‍ അഹാന; പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി താരം
നടി അഹാന കൃഷ്ണ സംവിധായികയാവുന്നു. അഹാന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്തയുും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുകയെന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ അഹാന പറയുന്നു.
പിറന്നാള്‍ ദിനത്തിലാണ് അഹാനയുടെ പ്രഖ്യാപനം. 'തോന്നല്‍' എന്നാണ് അഹാനയുടെ ആദ്യചിത്രത്തിന്റെ പേര്.
'ആറുമാസം മുന്‍പാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സില്‍ തോന്നിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍ അതിന് സ്‌നേഹവും കരുതലും പോഷണവും നല്‍കി അത് ജീവന്‍ പ്രാപിക്കുന്നത് നോക്കിനിന്നു. ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്നു തന്നെ വിശേഷിപ്പിക്കാം.
ഞാന്‍ സ്‌നേഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇതിനായി ഒത്തുചേര്‍ന്നു. ഒക്ടോബര്‍ 30ന് 'തോന്നല്‍' നിങ്ങളിലേക്ക് എത്തും,'' അഹാന കുറിക്കുന്നു.
ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തില്‍ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങള്‍. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങള്‍.
'ലൂക്ക'യുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാന സംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. അഹാനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നിമിഷ് രവി. ജന്മദിനത്തില്‍ അഹാനയ്ക്കുള്ള ആശംസകളും നിമിഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.