അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു
സമൂഹമാധ്യമങ്ങള്‍ക്കെതിരെ കോടതിയെ
സമീപിച്ച് സമീര്‍ വാങ്കഡെ
മുംബൈ:തനിക്കും കുടുംബത്തിനുമെതിരായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയ്ക്കെതിരായി സമീര്‍ വാങ്കഡെ മുംബൈ ദിന്‍ദോഷി കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കേസ് ഈ മാസം 17ന് കോടതി പരിഗണിക്കും.തനിക്കും ഭാര്യയ്ക്കും എതിരായി തെറ്റായ വിവരങ്ങള്‍ നല്‍കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനും കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ യൂണിറ്റ് മേധാവിയാണ് സമീര്‍ വാങ്കഡെ. വാങ്കഡെയുടെ കുടുംബത്തിനെതിരായ പ്രസ്താവനകളില്‍ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന് ബോംബെ ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.കോടതി മുന്‍പാകെ ഉറപ്പുനല്‍കിയിട്ടും സമീര്‍ വാങ്കഡെയ്ക്കെതിരായി തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയതിന് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി സമീര്‍ വാങ്കഡെയുടെ പിതാവ് ധ്യാന്‍ദേവ് വാങ്കഡെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ലഹരി പാര്‍ട്ടി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. സമീര്‍ വാങ്കഡെ. കേസ് അന്വേഷണ സമയത്ത് കോഴ ആരോപണവും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ആരോപണവും സമീര്‍ വാങ്കഡെയ്ക്കെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു.