ആറ്റിങ്ങലില്‍ 8 വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഹൈക്കോടതി വിധി ഇന്ന്
പൊലീസ് വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 8 വയസുകാരിയെ പിങ്ക് പൊലീസ് കുറ്റവിചാരണ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നഷ്ടപരിഹാരത്തിന് അര്‍ഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. എത്ര രൂപ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുമെന്ന് സര്‍ക്കാരുമായി ആലോചിച്ച് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.
വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരത്തിനൊപ്പംഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാകുമെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. ഇതുകൂടി പരിഗണിച്ചാകും ഉത്തരവ്.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി കോടതി അറിയിച്ചുവെങ്കിലും മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജി ജയചന്ദ്രന്‍ പറഞ്ഞു.