കിൻഫ്രയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് കേരളത്തിൽ.
പാലക്കാട് ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവിൽ കിൻഫ്രയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് തയ്യാറായിരിക്കുന്നത്. 60 ഏക്കർ സ്ഥലത്ത് നിർമ്മാണം പൂർത്തിയായ പാർക്കിൽ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിർമ്മാണം, ഗവേഷണവും വികസനവും, സർട്ടിഫിക്കേഷൻ എന്നിവയ്ക്കാണ് ഊന്നൽ നൽകിയിട്ടുളളത്. പാർക്കിന്റെ അടുത്ത മാസം പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഡിഫൻസ് പാർക്കിലൂടെ ഉദ്ദേശിക്കുന്നത്. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാർക്കിൽ ഉണ്ടാവുക. ഒറ്റ എൻജിൻ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങൾ നിർമിക്കുന്നതിനുള്ള പ്രൊപ്പോസലും ഇതിനോടകം ലഭിച്ചിട്ടുണ്ട്. പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യവസായ സംരഭകരെ കണ്ടെത്തി നിശ്ചിത കാലത്തേക്ക് ഭൂമി കൈമാറുകയാണ് ചെയ്യുന്നത്. തുടക്കത്തിൽ ഫിക്കിയുമായി (Federation of Indian Chambers of Commerce & Industry) ചേർന്ന് നടത്തിയ വെബിനാറിൽ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 150ൽ പരം വ്യവസായികൾ പങ്കെടുത്തു. ഇതിൽ 30 ഓളം പേർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംരംഭം വരുന്നതോടെ അയ്യായിരത്തിലധികം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.