അഞ്ചു വയസുകാരിയെ അമ്മ കൊന്നത്
അന്ധവിശ്വാസം മൂലമെന്ന് ഡോക്ടര്‍
കുഞ്ഞ് കഴിച്ച മാങ്ങയില്‍ ജിന്നെന്ന് കരുതി
തുണികൊണ്ട് വായ പൊത്തിപ്പിടിച്ചു
കോഴിക്കോട്: പയ്യാനയ്ക്കലിനു സമീപം അഞ്ചു വയസുകാരിയുടെ കൊലയ്ക്കു പിന്നില്‍ അമ്മയുടെ അന്ധവിശ്വാസമെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ അമ്മ അന്ധവിശ്വാസം മൂലം കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഡോക്ടറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
പയ്യാനയ്ക്കല്‍ ചാമുണ്ടി വളപ്പില്‍ ആയിഷ റെനയാണ് കൊല്ലപ്പെട്ടത്. കുഞ്ഞ് കഴിച്ച മാങ്ങയില്‍ ജിന്ന് ഉണ്ടെന്ന് വിശ്വസിച്ച അമ്മ കുട്ടിയെ തുണി ഉപയോഗിച്ച് വായ അമര്‍ത്തിപ്പിടിക്കുകയും കുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ സംശയം. അമ്മ സമീറയ്ക്ക് മാനസികരോഗമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നെങ്കിലും ഇവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നാണ് ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്. മുന്‍പ് ഇവര്‍ മാനസിക രോഗത്തിനു ചികിത്സ തേടിയിട്ടുമില്ല. ഇക്കാര്യം പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ റജീന കെ ജോസും സ്ഥിരീകരിച്ചിട്ടുണ്ട്.
സമീറ കോഹിനൂരിനടുത്ത് ഒരു ഉസ്താദിനെ സന്ദര്‍ശിച്ചിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ നടക്കാനായി അദ്ദേഹം വെള്ളം മന്ത്രിച്ചു നല്‍കിയിരുന്നുവെന്നും ഈ വെള്ളം പതിവായി കുടിച്ചിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. നിലവില്‍ സമീറ കുതിരവട്ടം മാനസികരോഗാശുപത്രിയിലാണുള്ളത്. മാനസികരോഗമില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.