സിക്ക വൈറസ്: പരിശോധനയ്ക്ക് അയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: സിക്ക വൈറസ് ബാധയില്‍ സംസ്ഥാനത്തിന് ആശ്വാസം. ഇന്നലെ പരിശോധനയ്ക്ക് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലമാണ് ലഭിച്ചത്. സിക്ക വൈറസില്‍ ആശങ്കാജനകമായ സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യവകുപ്പിന്റേയും ആരോഗ്യവിദഗ്ദ്ധരുടേയും വിലയിരുത്തല്‍. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരത്ത് പനിയടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള ഗര്‍ഭിണികളുടെ സാംപിളുകളും പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ച ആറംഗ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് എന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ ഇതുവരെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയാറാക്കിയിരുന്നു. പനിയുള്ള ഗര്‍ഭിണികളില്‍ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലയിലെ ലാബുകളോട് സിക സംശയമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ഭരണകുടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകള്‍ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയും. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കന്യാകുമാരി ജില്ലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ വിദഗ്ധ പരിശോധന നടത്തും. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യം അറിയിച്ചു. പാറശാലയിലെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നുള്ള യുവതിയിലാണ് കേരളത്തില്‍ ആദ്യം സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ക്ക് മുന്‍പ് സിക്ക വൈറസിന് സമാനമായ രോഗലക്ഷണങ്ങളുണ്ടായിരുന്നു.