കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്ക്


റിയാദ്: കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങൾ നീക്കി ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. വാക്സിനേഷൻ നടപടികളും ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുത്തതോടെ ഗൾഫ് രാജ്യങ്ങളും നിയന്ത്രണങ്ങൾ എടുത്ത് കളയാനുള്ള ഒരുക്കത്തിലാണ്.

സൗദി അറേബ്യ


ഞായറാഴ്ച മുതൽ സൗദി അറേബ്യ മക്ക, മദീന പള്ളികളിലും മറ്റു പൊതുയിടങ്ങളിലും നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ലെന്നാണ് സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും, റസ്റ്റോറന്റുകൾ, കഫേകൾ, കല്യാണ മണ്ഡപങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ 70 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നടത്തിയതായാണ് കണക്കുകൾ.

യുഎഇ

കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് അതിവേഗത്തിൽ സാധാരണ നിലയിലേക്ക് ജീവിതം നയിക്കുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് യുഎഇ. ഒരു ലക്ഷത്തോളം യാത്രികർ നിലവിൽ ദിവസവും ദുബായിലെത്തുന്നുണ്ട്. 95.23 ശതമാനം പേർക്കും യുഎഇയിൽ വാക്സിനേഷൻ നടത്തിയിട്ടുണ്ട്.

യുഎഇയിൽ നിലവിൽ ചുരുക്കം കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്ത് വരുന്നത്. മാസങ്ങൾക്ക് ശേഷം ഞായറാഴ്ച പ്രതിദിനം കോവിഡ് കേസുകളുടെ എണ്ണം നൂറിൽ താഴെ എത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്കടക്കം യുഎഇ അടുത്തിടെ യാത്രാ നിയന്ത്രണങ്ങളും നീക്കിയിരുന്നു.

കുവൈത്ത്


നവംബർ ഒന്ന് മുതൽ എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും വിസ അനുവദിക്കുന്നത് ഇന്ന് കുവൈത്ത് മന്ത്രി സഭയുടെ പരിഗണനയിൽ വരും. കോവിഡ് നിയന്ത്രണങ്ങളും വിദേശ തൊഴിലാളികളുടെ വരവ് നിലച്ചതും കുവൈത്തിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടാനിടയാക്കിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് രോഗികളുടെ എണ്ണവും കുവൈത്തിലിപ്പോൾ വളരെ കുറവാണ്.

ഒമാൻ

ഒമാനിൽ സെപ്റ്റംബർ ഒന്ന് മുതൽ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചിരുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർക്ക് നിലവിൽ ഒമാനിൽ പ്രവേശിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഇന്ത്യയിൽ നൽകിയ കോവിഷീൽഡ് കുത്തിവെയ്പ് അടക്കം ഒമാൻ അംഗീകരിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്താത്തവർ ഒമാനിൽ എത്തിയതിന് ശേഷം ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണം. വാക്സിനേഷൻ പുരോഗതിയും കോവിഡ് കേസുകളുടെ കുറവും വിലയിരുത്തിയാണ് ഒമാൻ നിയന്ത്രണങ്ങൾ നീക്കിയത്."

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media