ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കെതിരെ ആരോപണവുമായി പാക്കിസ്ഥാന്‍. ഇന്ത്യയുടെ തീരുമാനങ്ങള്‍ അപക്വമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെങ്കില്‍ തെളിവ് നല്‍കണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നല്‍കിയിട്ടില്ലെന്നും ഇഷാഖ് ധര്‍ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാക്കിസ്ഥാന്റെ ഭാ?ഗത്തുനിന്നും ഇന്നലെ വന്നത്.
എന്നാല്‍ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉള്‍പ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങിയത്. മന്ത്രി സഭയുടെ രണ്ടര മണിക്കൂര്‍ നീണ്ട സുരക്ഷാകാര്യ യോ?ഗത്തിന് ശേഷമാണ് കടുത്ത തീരുമാനങ്ങളിലേക്ക് ഇന്ത്യ നീങ്ങിയത്. പാകിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജലകരാര്‍ ഇന്നലെ ഇന്ത്യ മരവിപ്പിച്ചു. വാഗ അട്ടാരി അതിര്‍ത്തി പൂര്‍ണമായും അടച്ചു. ഇന്ത്യ പാക്ക് ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരെ പിന്‍വലിച്ചു. പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന എസ്.വി.ഇ.എസ് വിസ ഇനി നല്‍കില്ല തുടങ്ങിയ തീരുമാനങ്ങളാണ് നിലവില്‍ സ്വീകരിച്ചത്.
ഇന്ത്യയുടെ ഈ കടുത്ത നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം വിലയിരുത്തും. ഇന്ത്യയുടെ നീക്കങ്ങള്‍ക്കെതിരെ പാകിസ്ഥാനിലെ മുതിര്‍ന്ന മന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.