തൃശ്ശൂര്‍ : അതിരപ്പള്ളിയില്‍ മൃഗങ്ങളില്‍ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കാട്ടുപന്നികളിലാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. ഈ മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകരുത്. അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ രാവിലെ മുതല്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കും (0487 24 24223). അതിരപ്പിള്ളി പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. ആന്ത്രാക്‌സ് ബാധിച്ച പന്നികളെ മറവു ചെയ്തവര്‍ക്ക് ചികിത്സ നല്‍കും. മുന്‍ കരുതലിന് അതിരപ്പിള്ളി പഞ്ചായത്തില്‍ ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്. ഏഴ് കാട്ടുപന്നികളാണ് അതിരപ്പിളളിയില്‍ ആന്ത്രാക്‌സ് ബാധിച്ച് ചത്തത്.