അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക്
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക്. കര്‍ണാടകത്തിലെ സ്വത്ത് വിവരങ്ങളും ഇഞ്ചി കൃഷിയെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തും. ഷാജിയുടെ കര്‍ണാടകയിലെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് വിവരശേഖരണം നടത്താന്‍ അന്വേഷണസംഘം കര്‍ണാടക രജിസ്ട്രേഷന്‍ വിഭാഗത്തെ സമീപിക്കും.
വിജിലന്‍സിന്റെ സ്‌പെഷ്യല്‍ സെല്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വിവിധ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ കെ എം ഷാജിക്ക് കര്‍ണാടകത്തിലും സ്വത്തുക്കളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
തനിക്ക് ഇഞ്ചികൃഷിയിലൂടെയാണ് വരുമാനമുണ്ടായതെന്ന്് കെ എം ഷാജി അന്വേഷണ സംഘത്തിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കണക്കില്‍പെടാത്ത സ്വത്ത് ഷാജിക്ക് ലഭിച്ചിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകത്തിലേക്ക് നിയമപരമായി അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചിരിക്കുന്നത്.