ഈ മാസം 15നുള്ളില്‍ പുത്തന്‍ വാട്‌സ്ആപ്പ് നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്‌പ്പെടുമോ?
ഈ വര്‍ഷം ജനുവരിയിലാണ് ഫേസ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ് തങ്ങളുടെ പുതിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും പ്രഖ്യാപിച്ചത്. അധികം താമസമില്ലാതെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇത് നോട്ടിഫിക്കേഷന്‍ ആയി വരികയും ഇത് അംഗീകരിക്കാനുള്ള ബട്ടണും വന്നു. എന്നാല്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറും വിധത്തിലാണ് പുതിയ സ്വകാര്യത നയം തയ്യാറാക്കിയിട്ടുള്ളത് എന്ന ആരോപണം വന്നതോടെ ധാരാളം ഉപഭോക്താക്കള്‍ മറ്റ് ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പുകളിലേക്ക് ചേക്കേറി.
ഇതോടെ 'പുത്തന്‍ നിബന്ധനകള്‍ അവലോകനം ചെയ്യാനും അംഗീകരിക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്തിന്റെ അവസാന ദിവസം ഞങ്ങള്‍ നീട്ടുകയാണ്', എന്ന് വാട്‌സാപ്പ് ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. മെയ് 15 വരെയാണ് ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സമയം അനുവദിച്ചത്. മെയ് 15-നുള്ളില്‍ ഈ നയം അംഗീകരിച്ചില്ലെങ്കില്‍ തങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് നഷ്ടപ്പെടുമോ എന്നാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.
അതെ സമയം ഈ ആശങ്കള്‍ക്ക് ഉത്തരവുമായി വാട്‌സ്ആപ്പ് വക്താവെത്തി. പിടിഐയ്ക്ക് അയച്ച ഇമെയില്‍ മറുപടിയില്‍ മെയ് 15-ന് ശേഷവും പുത്തന്‍ നിബന്ധനകള്‍ അംഗീകരിക്കാത്തവരുടെ വാട്‌സാപ്പ് നഷ്ടമാവില്ല എന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. ''ഈ അപ്ഡേറ്റ് അംഗീകരിക്കാത്തത് മൂലം മെയ് 15ന് അക്കൗണ്ടുകളൊന്നും ഇല്ലാതാക്കില്ല, ഇന്ത്യയില്‍ ആര്‍ക്കും വാട്‌സ്ആപ്പ് അക്കൗണ്ട് നഷ്ടമാകില്ല. വരും ആഴ്ച്ചകളില്‍ ഞങ്ങള്‍ പുത്തന്‍ നിബന്ധനകള്‍ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നത് തുടരും,'' വാട്‌സ്ആപ്പ് വ്യതമാക്കി.
പുതിയ സേവന നിബന്ധനകള്‍ ഭൂരിഭാഗം ഉപയോക്താക്കളും അംഗീകരിച്ചതായും ചില ഉപഭോക്താക്കള്‍ക്ക് ഇതുവരെ ഇത് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. അതെ സമയം ഈ തീരുമാനത്തിന് പിന്നിലെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല, ഇതുവരെ നിബന്ധനകള്‍ അംഗീകരിച്ച ഉപയോക്താക്കളുടെ എണ്ണവും വാട്‌സ്ആപ്പ് വെളിപ്പെടുത്തിയിട്ടില്ല.
ട്രാന്‍സാക്ഷന്‍ & പേയ്‌മെന്റ്‌സ്, കണക്ഷന്‍സ്, മീഡിയ, ഡിവൈസ്, കണക്ഷന്‍ ഇന്‍ഫര്‍മേഷന്‍, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ വാട്‌സാപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആവശ്യപ്പെടുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇഷ്ടങ്ങളും രീതികളും മനസ്സിലാക്കി ഓരോ ഉപഭോക്താക്കള്‍ക്കും പ്രത്യേകം സേവനങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നതിനാണ് വിവരശേഖരണം എന്നായിരുന്നു വാട്‌സാപ്പിന്റെ വാദം.