കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തിയിൽ വർധനവ്
കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തിയിൽ വർധനവ്. മുൻവർഷത്തേക്കാൾ 1,349 വർധിച്ച് 4,700 കോടി രൂപയായി ഉയർന്നു . അതുപോലെ തന്നെ വായ്പാ തിരിച്ചടവുകളും ഇതേ കാലയളവിൽ ഗണ്യമായി വർദ്ധിച്ചു.
2020-21 സാമ്പത്തിക വർഷത്തിൽ 4,139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നൽകിയിട്ടുള്ളത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 244 ശതമാനം വർധനവാണ് ഇതോടെ രേഖപ്പെടുത്തിയിട്ടുള്ളത്. വായ്പാ വിതരണവും ഇതേ കാലയളവിൽ 1,447 കോടിയിൽ നിന്ന് 3,729 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ പോലും വായ്പ തിരിച്ചടവ് മുൻ സാമ്പത്തിക വർഷത്തിൽ 1,082 കോടിയിൽ നിന്ന് 21 സാമ്പത്തിക വർഷം 2,833 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പലിശ വരുമാനം 334 കോടിയിൽ നിന്ന് 436 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.
വായ്യ്പ അനുമതി സെൻട്രലൈസ് ചെയ്തും ഇടപാടുകൾക്ക് സിഎംഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ടും വീഡിയോ കോൺഫറൻസിംഗിലൂടെയും സംവദിക്കുന്നതിനുള്ള അവസരമൊരുക്കിയതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സഹായിച്ചതായും സിഎംഡി പറഞ്ഞു. അതേ സമയം തന്നെ കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായ 419 വ്യവസായങ്ങൾക്ക് 256 കോടി രൂപയുടെ പുതിയ വായ്പ അനുവദിച്ചതോടെ കെഎഫ്‌സി ഒരു റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 6.5 ശതമാനത്തിൽ ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞതിനാൽ അടിസ്ഥാന വായ്പ പലിശ നിരക്ക് എട്ട് ശതമാനമായി കുറച്ചിരുന്നു ഇത് ഇടപാടുകൾ കൂടുന്നതിന് ഊന്നൽ നൽകി.