ശബരിമല നടതുറന്നു; ഇനി ശരണ മുഖരിതം
ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം
പമ്പ: സന്നിധാനം: മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 4.52ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ജയരാജ് പോറ്റി വി.കെ നട തുറന്ന് ദീപം തെളിയിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു സന്നിധാനം. വലിയ മഴയാണ് സന്നിധാനത്ത് നടതുറക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. നാളെ മുതലാണ് ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം. ആദ്യദിനം 8000 ആളുകളാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പ്രതിദിനം 30000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. പമ്പാസ്‌നാനവും ഒഴിവാക്കി. സ്‌പോട്ട്ബുക്കിങ്ങും തത്കാലമില്ല. മഴ കുറയുന്നതോടെ നിയന്ത്രണങ്ങള്‍ മാറുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.