കോഴിക്കോട് : ഖത്തറില്‍ നവംബര്‍ 20 നു ആരംഭിക്കുന്ന ഇരുപത്തിരണ്ടാമതു ലോക കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ആധികാരിക വിവരങ്ങള്‍ അടങ്ങിയ ഡോ .മുഹമ്മദ് അഷ്റഫിന്റെ 'ഖല്‍ബിലെ ഖത്തര്‍' എന്ന പുസ്തകം ഒക്ടോബര്‍ 7 നു വൈകുന്നേരം അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്യും. കോഴിക്കോട് ട്രെന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രശസ്ത ഫുട്ബാളറും ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ഉപദേശക സമിതി അംഗവുമായ വിക്ടര്‍ മഞ്ഞില ഏറ്റുവാങ്ങും. ട്രെന്‍ഡ് ബുക്സ് ഡയറക്ടറും സുപ്രഭാതം ദിനപത്രം എഡിറ്ററുമായ ടി പി ചെറൂപ്പ അധ്യക്ഷത വഹിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി പി അബുബക്കര്‍ പുസ്തകം പരിചയപ്പെടുത്തും. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ ആശംസ നേരും.
ഖത്തര്‍ ലോക കപ്പിനെ കുറിച്ചുള്ള മുഹമ്മദ് അഷ്റഫിന്റെ മൂന്നാമതു പുസ്തകമാണിത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 ടീമുകളും അവരുടെ മികവും പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ സമ്പൂര്‍ണ കളിവിവരങ്ങളും കളിക്കളങ്ങളുടെ വിശദാംശങ്ങളും ഉണ്ട്. പുസ്തകത്തിന്റെ വില്‍പനയില്‍ നിന്നു ഗ്രന്ഥകാരന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും അകാലത്തില്‍ നിര്യാതനായ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് യു എച് സിദ്ദിഖിന്റെ കുടുംബത്തിനു നല്‍കുന്നതാണ്.