നഷ്ടത്തില്‍ കൂപ്പുകുത്തി ക്രിപ്‌റ്റോ വിപണി.
വന്‍ നഷ്ടത്തിലാണ് ക്രിപ്‌റ്റോ വിപണി ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രമുഖ ക്രിപ്‌റ്റോ നാണയങ്ങളെല്ലാം 4 മുതല്‍ 14 ശതമാനം വരെ തകര്‍ച്ച കണ്ടു. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 4 ശതമാനം ഇടറി 35,200 ഡോളറില്‍ എത്തി. എഥീറിയം 6.56 ശതമാനം കുറഞ്ഞ് 2,291 ഡോളറിലും ഇന്ന് ചുവടുവെയ്ക്കുകയാണ്. ഡോജ്‌കോയിന്‍ 5.64 ശതമാനം തകര്‍ന്ന് 0.30 ഡോളറിലേക്ക് വീണു.
എക്‌സ്ആര്‍പി, കാര്‍ഡാനോ, സ്‌റ്റെല്ലാര്‍, ലൈറ്റ്‌കോയിന്‍ തുടങ്ങിയ മറ്റു ഡിജിറ്റല്‍ കറന്‍സികളും 10 ശതമാനം വരെ തകര്‍ച്ച നേരിടുന്നുണ്ട്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ഡെസ്‌കില്‍ നിന്നുള്ള കണക്കുപ്രകാരം എക്‌സ്ആര്‍പി 5.64 ശതമാനം ഇടിഞ്ഞ് 0.81 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കാര്‍ഡാനോയില്‍ 9.30 ശതമാനം ഇടിവ് കാണാം. 1.38 ഡോളറില്‍ കാര്‍ഡാനോയും വ്യപാരം നടത്തുന്നത് .
ലൈറ്റ്‌കോയിന്‍ 8.46 ശതമാനം ഇടിഞ്ഞ് 156.04 ഡോളറിലും സ്‌റ്റെല്ലാര്‍ 8.86 ശതമാനം ഇടിഞ്ഞ് 0.30 ഡോളറിലും ഇടപാടുകള്‍ തുടരുകയാണ്. എഥീറിയം ക്ലാസിക്കില്‍ 6.42 ശതമാനവും ബിറ്റ്‌കോയിന്‍ ക്യാഷില്‍ 7.10 ശതമാനവും തകര്‍ച്ചയുണ്ട്.