തിരുവനന്തപുരം : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിങ് ഓഫിസര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.
ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെ മെഡിക്കല്‍ കോളേജ് അറ്റന്റര്‍ പീഡിപ്പിച്ചത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനാകുമായിരുന്നില്ല. എന്നാല്‍ പിന്നീട് യുവതി ബന്ധുക്കളോട് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് പറയുകയും ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.