പ്രധാനമന്ത്രിയുടെ ദീപാവലി ആഘോം കശ്മീരിലെ സൈനികര്‍ക്കൊപ്പം


ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ഇത്തവണ ജമ്മു കശ്മീരിലെ സൈനികര്‍ക്കൊപ്പം. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിമാനമാര്‍ഗം ജമ്മു കശ്മീരില്‍ എത്തിയത്. ശ്രീനഗറില്‍ ലാന്‍ഡ് ചെയ്ത ശേഷം മോദി നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം എം നരവനെയും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായാണ് താനെത്തിയതെന്ന് മോദി സൈനികരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. 

''സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് എനിക്ക് സന്തോഷം. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. രാജ്യം സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ട്'', എന്ന് മോദി. 

പ്രതിരോധമേഖല കൂടുതല്‍ സ്വദേശിവത്കരിക്കുമെന്നും മോദി പ്രഖ്യാപിച്ചു. ''സൈനികമേഖലയിലും ആത്മനിര്‍ഭര്‍ഭാരത് ആശയമാണ് നടപ്പാക്കുന്നത്. സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിര്‍മ്മിക്കുന്നു. വനിതകള്‍ക്ക് സൈന്യത്തില്‍ പ്രവേശനം നല്‍കുകയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തില്‍ ചേരുന്നത് ഒരു ജോലിയല്ല, അത് ഒരു സേവനമാണ്. പിറന്ന മണ്ണിനെ സേവിക്കലാണ്. രാജ്യസുരക്ഷയാണ് നമുക്ക് പ്രധാനം. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും നമ്മള്‍ തയ്യാറാകില്ല. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്ക്ക് എത്തുന്നത്'', മോദി പറഞ്ഞു.

നൗഷേര സെക്ടറില്‍ നിന്ന് നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കും മോദി ഓര്‍ത്തെടുത്തു. ''സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാജ്യത്തിന് നല്‍കിയ സംഭാവന വലുതാണ്. ഈ മിന്നലാക്രമണത്തിന് ശേഷം കശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമം നടന്നു. ഭീകരതയെ ചെറുത്ത് തോല്‍പിക്കാന്‍ രാജ്യത്തിനാകും'', മോദി പറഞ്ഞു. 

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ജമ്മു കശ്മീരില്‍ എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരസേനാ മേധാവി എം എം നരവനെ കശ്മീരിലെത്തി സുരക്ഷാ സാഹചര്യം വിലയിരുത്തി. ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് നൗഷേരയിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അതിര്‍ത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും കഴിഞ്ഞ മൂന്നാഴ്ചയായി വലിയ അക്രമങ്ങളാണ് അരങ്ങേറിയത്. 11 സൈനികരാണ് മൂന്നാഴ്ചയ്ക്കുള്ളില്‍ ഇവിടെ വീരമൃത്യു വരിച്ചത്. 

2019-ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെ ആര്‍മി ഡിവിഷനിലെത്തിയത്. ഇത്തവണ നൗഷേരയിലാണ് പ്രധാനമന്ത്രി എത്തിയത്. നിയന്ത്രണരേഖയ്ക്ക് കൂടുതല്‍ അടുത്ത പ്രദേശത്ത്. ഇതേ സെക്ടറില്‍ കഴിഞ്ഞയാഴ്ച ഒരു ഓഫീസറടക്കം രണ്ട് സൈനികര്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു. 

സൈനികര്‍ക്കൊപ്പം ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച ശേഷമായിരിക്കും മോദി മടങ്ങുക. ഇതിന് ശേഷം മോദി നാളെ കേദാര്‍നാഥിലേക്ക് പോകും. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media