വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ സജാദ് തങ്ങള്‍
45 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി
കൊല്ലം: മരിച്ചെന്ന് കരുതിയ ആള്‍ 45 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. നാട് സാക്ഷിയായത് വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക്. കൊല്ലം ശാസ്താംകോട്ടയില്‍ നടന്നത് അത്യൂപൂര്‍വ സംഗമം. ഉമ്മയെ കണ്ട മകന്റെയും മകനെ കണ്ട ഉമ്മയുടെയും കണ്ണുകള്‍ വിങ്ങിപ്പൊട്ടി.മരിച്ചെന്ന് കരുതിയ സജാദ് തങ്ങളാണ് 45 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളുമായി സജാദ് പുനഃസമാഗമം നടത്തി. കൊല്ലം ശാസ്താംകോട്ട മൈനാകപള്ളി സ്വദേശിയാണ് ഇദ്ദേഹം. ബന്ധുക്കള്‍ മുംബൈയിലെത്തി സജാദ് തങ്ങളെ കൊല്ലം ശാസ്താംകോട്ടയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സമാഗമത്തിന് സാക്ഷിയാകാന്‍ എംഎല്‍എ കോവൂര്‍ കുഞ്ഞിമോന്‍ സ്ഥലത്തെത്തിയിരുന്നു.
91 വയസുള്ള ഉമ്മയുടെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഫലമായാണ് മകന്‍ തിരിച്ചെത്തിയത്. കാണാതായപ്പോള്‍ 24 വയസായിരുന്നെങ്കില്‍ സജാദിന് ഇപ്പോള്‍ 69 വയസാണ്. 45 വര്‍ഷത്തിനിടെ, സഹോദരങ്ങള്‍ വിവാഹം കഴിച്ചു, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചു.
കലാകാരന്മാരെ ഗള്‍ഫിലെത്തിച്ച് സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ആളായിരുന്നു സജാദ്. 1976 ല്‍ സജാദ് റാണിചന്ദ്ര ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളെ ഗള്‍ഫിലെത്തിച്ച് സ്റ്റേജ് ഷോ നടത്തി. നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയുണ്ടായ വിമാന അപകടത്തില്‍ റാണിചന്ദ്ര ഉള്‍പ്പെടെ 95 പേരുടെ ജീവന്‍ പൊലിഞ്ഞു. മരിച്ചവരുടെ കൂട്ടത്തില്‍ സജാദുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും കരുതി.പക്ഷേ അവസാന നമിഷം വിമാനയാത്ര സജാദ് ഒഴിവാക്കിയിരുന്നു. വിമാനാപകട വാര്‍ത്ത സജാദിനെ വല്ലാതെ തളര്‍ത്തി. ആളുകളില്‍ നിന്ന് അകന്ന് വിദേശത്തും അന്യസംസ്ഥാനങ്ങളിലുമായിരുന്നു സജാദിന്റെ പിന്നീടുള്ള ജീവിതം. ചെറിയ ചെറിയ ജോലികളോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയി. ആരോഗ്യം ശയിച്ചതോടെ മുംബൈയിലെ ഒരു അഭയകേന്ദ്രത്തിലായി. അവിടെ നിന്നാണ് സജാദ് നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഒടുവില്‍ സിനിമകളെ വെല്ലുന്ന തരത്തില്‍ സജാദ് തങ്ങളുടെ പുനര്‍ജ്ജനി.