കോവിഡ്: ഈ വര്‍ഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ
അടച്ചിടല്‍ ഈ സാമ്പത്തിക വര്‍ഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
അധിക ചെലവ് ബാധ്യതകള്‍ക്കൊപ്പം സംസ്ഥാന സാമ്പത്തിക സ്ഥിതിക്ക് ഉയര്‍ന്ന വരുമാന കമ്മിയും ധനകമ്മിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷനിലൂടെ കോവിഡ് നിയന്ത്രിച്ചു കഴിഞ്ഞാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
2020-21ല്‍ ബജറ്റ് എസ്റ്റിമേറ്റില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 18.77 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. 2021-22ല്‍ റവന്യൂ വരുമാനത്തിന്റെ 40.67 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ അനിവാര്യമാക്കിയ ലോക്ക്ഡൗണിന്റെ അനന്തര ഫലങ്ങള്‍ ഇതിന് പ്രതിബന്ധം ഉണ്ടാക്കും.
മഹാപ്രളയങ്ങളും കോവിഡും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വലിയ ആഘാതമുണ്ടാക്കി. ആസൂത്രണ ബോര്‍ഡ് വിലയിരുത്തലനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ പ്രതീക്ഷിത നഷ്ടം 80,000 കോടിയാണ്. കോവിഡ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രകാരം റവന്യൂ വരുമാനത്തില്‍ 33,456 കോടി രൂപയുടെ കുറവുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്.
കോവിഡ് സംസ്ഥാന സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ചുള്ള പ്രത്യാഘാതം കാരണം കഴിഞ്ഞ വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദനം 3.82 ശതമാനം കുറയുമെന്ന് കണക്കാക്കിയിരുന്നു. 2021-22ല്‍ 6.6 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു എങ്കിലും കോവിഡ് രണ്ടാംതരംഗം ഈ പ്രതീക്ഷയ്ക്കും പ്രതിസന്ധിയുണ്ടാക്കും. ജിഎസ്ഡിപി വളര്‍ച്ചയിലെ മാന്ദ്യം സ്വാഭാവികമായും സംസ്ഥാന റവന്യൂവരുമാനത്തില്‍ പ്രതികൂല ഫലമാകും കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതു തന്നെയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്ന് സര്‍ക്കാര്‍ കരുതുന്നു. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 20,000 കോടിയുടെ പ്രത്യേക പാക്കേജ്, പ്രാഥമിക സഹകരണ സംഘങ്ങളേയും വാണിജ്യ ബാങ്കുകളേയും ഉള്‍പ്പെടുത്തി വിപുലമായ പുനരുജജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ബജറ്റില്‍ തന്നെ പ്രഖ്യാപനമുണ്ട്.
നബാര്‍ഡിന്റെ പുനര്‍വായ്പാ സ്‌കീമിന്റെ സാധ്യതയും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച വായ്പാ പാക്കേജുകളുടെ സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തും. തൊഴിലില്ലായ്മ കാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. കോവിഡ് ലോക്ക്ഡൗണ്‍ ഇതിനെ രൂക്ഷമാക്കി. പരമ്പരാഗത മേഖലകളില്‍ അടക്കം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ തീരുമാനമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തോട് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയേയും ധനകാര്യമന്ത്രിയേയും നേരിട്ട് കണ്ട് സംസാരിച്ചു. മൊറട്ടോറിയം ആവശ്യപ്പെട്ടെങ്കിലും അതിനും അനുകൂല നടപടി ഉണ്ടായിട്ടില്ല. റബറിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ റബറൈസ്ഡ് റോഡുകള്‍ എന്ന ആശയവും മുന്നോട്ടു വച്ചിട്ടുണ്ട്. കടമെടുക്കാനുള്ള പരിധി ആവശ്യമില്ലാത്ത നിബന്ധനകള്‍ ഒഴിവാക്കി വര്‍ധിപ്പിക്കണം എന്ന ആവശ്യവും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുണ്ട്.
ജിഎസ് ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനും അനുകൂല മറുപടികള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. ജിഎസ്ടി കൗണ്‍സിലില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നഷ്ടപരിഹാര പാക്കേജും നികുതിയുടെ നഷ്ടത്തിന്റെ കാര്യവും മുന്നോട്ടു വച്ചിട്ടുണ്ട്. 16 ശതമാനമായിരുന്ന നികുതി 11ല്‍ താഴെയായി.
അശാസ്ത്രീയമായി ജിഎസ്ടി നടപ്പാക്കിയതു കൊണ്ടാണ് ഈ വരുമാന നഷ്ടം. സജീവമായി തന്നെ ഇക്കാര്യം കേരളം ഉന്നയിക്കുന്നുണ്ട്. കോവിഡ് കാലത്ത് സംസ്ഥാനത്ത് വ്യാവസായിക-തൊഴില്‍ മേഖലകളിലെ നഷ്ടം സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്, സിഡിഎസ് എന്നിവ പഠനം നടത്തിയിട്ടുണ്ട്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും പഠനം നടത്തുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.