രാജ്യത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്: തടിയന്റവിട നസീറടക്കം എട്ട്  പേര്‍ക്കെതിരെ കുറ്റപത്രം
 



ദില്ലി: രാജ്യത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ തടിയന്റവിട നസീര്‍ അടക്കം എട്ട് പേര്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതികളായ രണ്ട് പേര്‍ ഒളിവിലാണ്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീര്‍ 2013 മുതല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്‍മാന്‍ ഖാന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്. സൈദ് സുഹൈല്‍ ഖാന്‍, മുഹമ്മദ് ഉമര്‍, സഹിദ് തബ്രേസ്, സയ്യിദ് മുദസില്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ ഐപിസി, യുഎപിഎ, ആയുധം കൈവശം വെക്കല്‍ നിയമവും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 
 
ആയുധങ്ങളും വെടിക്കോപ്പുകളും ഗ്രനേഡുകളും വാക്കി ടോക്കികളും പിടിയിലായ ഏഴ് പേരില്‍ നിന്നായി കണ്ടെത്തിയിരുന്നു. 2023 ജൂലൈ 18 നായിരുന്നു ഇത്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ വച്ചായിരുന്നു ഏഴ് പേരെയും കണ്ടെത്തിയത്. 2023 ഒക്ടോബറിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. പിന്നീടാണ് കേസില്‍ തടിയന്റവിട നസീറിനും പങ്കുള്ളതായും പ്രതികള്‍ ഇയാളുമായും ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയത്. 2017 ല്‍ എല്ലാ പ്രതികളും ബെംഗളൂരു ജയിലില്‍ തടവിലായിരുന്നു. ഈ സമയത്താണ് പ്രതികള്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.

ലഷ്‌കര്‍-ഇ-തോയ്ബയിലേക്ക് കേസിലെ ഏഴ് പ്രതികളെയും റിക്രൂട്ട് ചെയ്ത തടിയന്റവിട നസീര്‍ ഇവരെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തക്ക വിധത്തില്‍ സ്വാധീനിച്ചു. വിദേശത്തേക്ക് കടന്ന പ്രതികള്‍ അയച്ചുകൊടുത്ത പണം ഉപയോഗിച്ചാണ് മറ്റ് പ്രതികള്‍ ചാവേര്‍ സ്‌ഫോടനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്. കേസില്‍ തുടരന്വേഷണം പുരോഗമിക്കുന്നതായും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media