യുഎഇയിലേക്കുള്ള വിമാന സർവീസ് ഇൻഡിഗോ പുനഃരാരംഭിച്ചു
ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിച്ച് ഇന്‍ഡിഗോ. ഇന്നു രാത്രി 1.30 മുതൽ സർവീസ് ആരംഭിക്കും. മുഴുവൻ യാത്രക്കാരെയും ഈ വിവരം അറിയിക്കുകയും അവർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു.
നേരത്തെ ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചിരുന്നതായി കമ്പനി അറിയിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ ദുബായില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നായിരുന്നു തീരുമാനം. ഓഗസ്റ്റ് 24 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതായി പറയപ്പെടുന്നത്.
പ്രവർത്തനത്തിലെ പ്രശ്നങ്ങൾ കാരണമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതര്‍ പ്രസ്താവനയിൽ അഭിപ്രായപ്പെടുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യാമെന്നും ഇൻഡിഗോ അറിയിച്ചു.
അതേസമയം, കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് ഒഴിവാക്കി. ഓഗസ്റ്റ് 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ടു യാത്ര ചെയ്യാം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ച റസിഡന്‍സ് വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനം. ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് കുവൈത്തില്‍ അംഗീകാരമുള്ളത്.