കൊച്ചി: തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകള്‍ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണം. ഈ രീതി തുടര്‍ന്നാല്‍ പല മേഖലകളേയും അത് ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളത്തില്‍ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സി പി എമ്മിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്‌ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുളളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡി ഐ ടി യുവിനെ രൂക്ഷമായി വിമര്‍ശിക്കുപ്പോള്‍ തന്നെ ഡിവൈഎഫ്‌ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.