ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയല്‍ കില്ലറിന് ജീവപര്യന്തം തടവ്. 2008 മുതല്‍ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദര്‍ കുമാര്‍ എന്നയാള്‍ക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവര്‍ ഉള്‍പ്പെടെ ഇയാള്‍ ശവരതിയും നടത്തിയതായി പൊലീസ് പറയുന്നു.ഡല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്. ആറ് വര്‍ഷത്തോളം നീണ്ട കുറ്റകൃത്യങ്ങള്‍ക്കും എട്ടു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കും ശേഷമാണ് ശനിയാഴ്ച ഡല്‍ഹി കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചത്.
ഡല്‍ഹിയില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു രവീന്ദര്‍. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാള്‍ പോണ്‍ സിനിമകള്‍ കണ്ടതിനു ശേഷം കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു പതിവ്. 2008ല്‍, 18ആം വയസിലാണ് രവീന്ദര്‍ ഈ ക്രൂര കൃത്യങ്ങള്‍ക്ക് തുടക്കമിടുന്നത്.
ഉത്തര്‍ പ്രദേശിലെ കസ്ഗഞ്ജില്‍ നിന്ന് 2008ല്‍ ഡല്‍ഹിയിലേക്കെത്തിയ ആളാണ് രവീന്ദര്‍. തൊഴില്‍ തേടിയായിരുന്നു ഇയാള്‍ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെത്തിയതിനു പിന്നാലെ മയക്കുമരുന്നിന് അടിമയായ ഇയാള്‍ പോണ്‍ സിനിമകള്‍ക്കും അടിമപ്പെട്ടു. വൈകുന്നേരം മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിക്കടിമപ്പെടുന്ന ഇയാള്‍ തന്റെ മുറിയില്‍ അര്‍ദ്ധരാത്രി വരെ കിടന്നുറങ്ങും. അര്‍ദ്ധരാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതിനു ശേഷം ഇയാള്‍ കുട്ടികളെ തേടിയിറങ്ങും.
ചേരികളും കെട്ടിട നിര്‍മാണ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇയാള്‍ ഇരയെ തേടുക. ഇങ്ങനെ 40 കിലോമീറ്റര്‍ വരെ ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്. 10 രൂപ നോട്ടുകളും ചോക്കലേറ്റുകളും കൊണ്ട് കുട്ടികളെ വശീകരിച്ച ശേഷം ഒറ്റപ്പെട്ട ഏതെങ്കിലും ഇടത്തേക്ക് കൊണ്ടുപോകും. എന്നിട്ടാണ് കൃത്യം നടത്തുക. ഇയാള്‍ ബലാത്സംഗം ചെയ്തുകൊന്ന കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ 6 വയസുകാരിയും ഏറ്റവും പ്രായം കൂടിയ ആള്‍ 12 വയസുകാരിയുമായിരുന്നു. തന്നെ ഇരകള്‍ തിരിച്ചറിയുമോ എന്ന് ഭയന്നാണ് ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. ഒരിക്കല്‍ കൃത്യം നടത്തിയ ഇടത്ത് പിന്നീടൊരിക്കലും ഇയാള്‍ പോകുമായിരുന്നില്ല.